നിലന്പൂർ: വാഹനമില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാതിരുന്ന ചോലാർമല ഉന്നതിയിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാം. വാഹനത്തിന്റെ വാടക പുതുക്കി നിശ്ചയിക്കാൻ ഐടിഡിപി അധികൃതർ തയാറായതിനെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ വാഹനം ഓടുന്നത്.
രാവിലെ ഉന്നതിയിലെത്തി വിദ്യാർഥികളെ എടുത്ത് സ്കൂളിലാക്കി വൈകിട്ട് വീട്ടിലെത്തിക്കാൻ ഒരു ദിവസത്തേക്ക് 1230 രൂപ നൽകാനേ കഴിയൂവെന്ന നിലപാടിലായിരുന്നു ഐടിഡിപി അധികൃതർ. എന്നാൽ 1,800 രൂപ അനുവദിക്കണമെന്നായിരുന്നു വാഹന ഉടമയുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാൽ ഈ ആഴ്ച മുഴുവൻ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നില്ല. പ്രവേശനോത്സവത്തിന് മാത്രമാണ് കുട്ടികൾ എത്തിയത്.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വാഹനമുണ്ടോ എന്ന് കുട്ടികൾ അന്വേഷിച്ചിരുന്നെങ്കിലും വാഹനം ഓടിക്കാൻ ഉടമ തയാറാകാതിരുന്നതിനെത്തുടർന്ന് കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല.
വിവിധ ക്ലാസുകളിലായി ഈ വർഷം 12 കുട്ടികളാണ് ചോലാർമല ആദിവാസി ഉന്നതിയിൽനിന്ന് കിഴക്കെ ചാത്തല്ലൂരിലെ എഎംഎൽപി, യുപി സ്കൂളിലെത്താനുള്ളത്. ഒന്നാം ക്ലാസിലേക്ക് മാത്രം അഞ്ച് കുട്ടികളുണ്ട്. ഏഴു കിലോമീറ്ററോളം ദൂരമുണ്ട് ഉന്നതിയിൽനിന്ന് സ്കൂളിലേക്ക്. കഴിഞ്ഞ വർഷത്തെ ഒന്പതുമാസത്തെ വാടക വാഹന ഉടമക്ക് ലഭിക്കാനുമുണ്ട്.
ഇന്നലെ രാവിലെ ഉന്നതിയിൽനിന്നുള്ള ഏതാനും കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ളവർ നിലന്പൂർ ഐടിഡിപി ഓഫീസിലെത്തി അധികൃതരുമായി സംസാരിച്ചതിനെത്തുടർന്നാണ് തീരുമാനമായത്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. സുബ്രഹ്മണ്യൻ, രക്ഷിതാക്കളായ ചന്ദ്രൻ ചോലാറ, ശിവദാസൻ, രാജു ചോലാറ, ലജീഷ്, വിജയൻ എന്നിവരും അവരുടെ ഭാര്യമാരുമാണ് നിലന്പൂർ ഐടിഡിപി ഓഫീസിലെത്തിയത്.